കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിയുടെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞത് ഒരുപിതാവിന്. നാടിനെ ഞെട്ടിച്ച സംഭവത്തിൽ വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന സ്വഭാവക്കാരനാണ് പ്രതിയായ അഭിരാം. സംഭവദിവസവും അമിതമായി മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കത്തിനിടയിൽ നിയന്ത്രണം വിട്ട മകൻ ശശിധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു വീണ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി ലഹരിക്ക് അടിമയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കുടുംബവഴക്കിനെയും ലഹരി ഉപയോഗത്തെയും തുടർന്ന് സ്വന്തം മകന്റെ കൈകളാൽ പിതാവ് കൊല്ലപ്പെട്ട സംഭവം കോഴിക്കോട് നഗരത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.