കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ബോക്‌സർ സാക്ഷി ചൗധരി തന്റെ വിജയത്തിന് പിന്നിലെ നിർണ്ണായക പങ്കാളിയെക്കുറിച്ച് മനസ്സ് തുറന്നു. തനിക്ക് സാമ്പത്തികമായും മാനസികമായും വലിയ പിന്തുണ നൽകിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയാണെന്ന് സാക്ഷി വെളിപ്പെടുത്തി. വിരാട് കോലി തന്റെ സ്പോൺസർ കൂടിയായിരുന്നുവെന്നും ഈ വിജയത്തിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും താരം വ്യക്തമാക്കി.
ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ 51 കിലോഗ്രാം വിഭാഗം ബോക്സിങ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ പരാജയപ്പെടുത്തിയാണ് സാക്ഷി സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. കരിയറിലെ വലിയ പ്രതിസന്ധിഘട്ടങ്ങളിലും പരിക്കുകളിലും ഉഴലുന്ന സമയത്ത് വിരാട് കോലി ഫൗണ്ടേഷനിലൂടെ കോലി തനിക്ക് താങ്ങായി നിന്നുവെന്ന് താരം ഓർത്തു.
സാമ്പത്തിക സഹായത്തിന് പുറമെ, മത്സരസമയങ്ങളിൽ സമ്മർദ്ദങ്ങൾ ഒഴിവാക്കാനും ശാന്തതയോടെ റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോലി തനിക്ക് ഉപദേശങ്ങൾ നൽകാറുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന സാക്ഷി, മുൻകാലങ്ങളിലെ പരിക്കുകളെയും തിരിച്ചടികളെയും അതിജീവിച്ചാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. ക്രിക്കറ്റിന് പുറമെ മറ്റ് കായികമേഖലകളിലെ പ്രതിഭകളെ വിരാട് കോലി രഹസ്യമായി പിന്തുണയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായിട്ടാണ് കായിക ലോകം ഈ സംഭവത്തെ കാണുന്നത്. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.