ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സംഭവത്തിൽ വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. പാർട്ടി തലത്തിലുള്ള ചർച്ചകൾക്ക് അപ്പുറം ഇതൊരു തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമവും ക്രിമിനൽ കുറ്റകൃത്യവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ഈ തട്ടിപ്പ് അരങ്ങേറിയതെന്നാണ് വിവരം. ബിജെപി ഇവിഎം ഹാക്ക് ചെയ്തിട്ടുണ്ടെന്നും, അതിനെ പ്രതിരോധിക്കാനായി ജർമ്മൻ, ഇറ്റാലിയൻ സാങ്കേതികവിദ്യകൾ തങ്ങളുടെ പക്കലുണ്ടെന്നും വിശ്വസിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും നേതാക്കളെയും പ്രതിനിധികൾ സമീപിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ഉദുമ, കാസർകോട് മണ്ഡലങ്ങളിലെ ചില സ്ഥാനാർത്ഥികളിൽ നിന്ന് വൻതുക പണമായി വാങ്ങിയെന്നാണ് പ്രധാനമായും ഉയർന്നിട്ടുള്ള ആക്ഷേപം.
സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണവിധേയനായ ബി.എം. ജമാലിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, മാധ്യമങ്ങൾക്ക് വിവരം നൽകിയവർ ഔദ്യോഗികമായി പോലീസിലും അധികാരികൾക്കും പരാതി നൽകാൻ തയ്യാറാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരിക്കുന്ന ഈ വിവാടം കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെയും സുതാര്യതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം തട്ടിപ്പുകൾ ജാതീയതയ്ക്കോ രാഷ്ട്രീയ പക്ഷപാതങ്ങൾക്കോ അതീതമായി ഗൗരവത്തോടെ കാണണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കണമെന്നുമാണ് പൊതുവെയുള്ള ആവശ്യം.