കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയത്തിന്റെ (Vehicle Scrapping Policy) ഭാഗമായി കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ കേരളത്തില്‍ സജീവമാകുന്നു. റോഡുകളില്‍ നിന്ന് പഴയ വാഹനങ്ങളെ ഒഴിവാക്കുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി സംസ്ഥാനത്ത് അംഗീകൃത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ (RVSF – Registered Vehicle Scrapping Facility) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ചേർത്തല, എടപ്പാൾ, കണ്ണൂർ (അഴിക്കൽ) എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ആദ്യഘട്ടമായി അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.
പഴയ വാഹനങ്ങള്‍ വില്‍ക്കാനോ ഉപേക്ഷിക്കാനോ ആഗ്രഹിക്കുന്ന ഉടമകള്‍ക്ക് ഇനി മുതല്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ വളരെ ലളിതമായി ഉപയോഗപ്പെടുത്താം. ഇതിന്റെ ഭാഗമായി വാഹന ഉടമകള്‍ പാലിക്കേണ്ട പ്രധാന നടപടിക്രമങ്ങള്‍ താഴെ പറയുന്നവയാണ്:
- രേഖകള്‍ സഹിതം ഹാജരാക്കല്‍: ആര്.സി ബുക്ക് (RC Book) ഉള്‍പ്പെടെയുള്ള രജിസ്ട്രേഷന് രേഖകളും വാഹനത്തിന്റെ താക്കോലുമായി ഉടമ നേരിട്ട് അംഗീകൃത പൊളിക്കല്‍ കേന്ദ്രത്തില്‍ വാഹനം എത്തിക്കണം.
- ഭാരം കണക്കാക്കിയുള്ള വില: കേന്ദ്രത്തിലെത്തുന്ന വാഹനത്തിന്റെ ഭാരം കൃത്യമായി തിട്ടപ്പെടുത്തി, അതിന്റെ മെറ്റല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ച് തുക ഉടമയ്ക്ക് കൈമാറും.
- സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപോസിറ്റ് (സി.ഒ.ഡി): വാഹനം പൊളിക്കാനായി കൈമാറുന്ന ഉടമയ്ക്ക് ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപോസിറ്റ്’ (Certificate of Deposit – CoD) ലഭിക്കും.
- രജിസ്ട്രേഷൻ റദ്ദാക്കൽ: വാഹനത്തിന്മേല് നിലവിലുള്ള ബാധ്യതകള്‍ തീര്‍ത്ത ശേഷം ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആര്.ടി.ഒ ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ പൂര്‍ണ്ണമായി റദ്ദാക്കാവുന്നതാണ്.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം, ലഭിക്കുന്ന ‘സി.ഒ.ഡി’ (CoD) ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന ആകര്‍ഷകമായ നികുതി ഇളവുകളാണ്. പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ലൈഫ് ടാക്സിന്റെ 15 ശതമാനം വരെയും, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 10 ശതമാനം വരെയും നികുതി ഇളവുകള്‍ ഇതിലൂടെ ഉറപ്പാക്കാനാകും. കൂടാതെ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് ഫീസിലും ഇളവ് ലഭിക്കുന്നതാണ്. ഉടമകള്‍ക്ക് ഈ സർട്ടിഫിക്കറ്റ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയോ ഓണ്‍ലൈന്‍ വഴി മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയോ ചെയ്യാവുന്നതാണ്. നിയമവിരുദ്ധമായി പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരമായി മികച്ച സാമ്പത്തിക ലാഭവും പരിസ്ഥിതി സൗഹൃദപരമായ മാറ്റവുമാണ് ഈ പദ്ധതിയിലൂടെ വാഹന ഉടമകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്.