രാജ്യത്തെ ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കൊമേർഷ്യൽ എൽ.പി.ജി സിലിണ്ടർ വിലയിൽ ഗണ്യമായ കുറവു വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലെ വിലയിരുത്തലുകൾക്ക് പിന്നാലെയാണ് രാജ്യത്തുടനീളമുള്ള എണ്ണക്കമ്പനികൾ വില വെട്ടിക്കുറച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് കൊമേർഷ്യൽ സിലിണ്ടർ വിലയിൽ ഇളവ് പ്രഖ്യാപിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വരുന്ന കൊമേർഷ്യൽ എൽ.പി.ജി സിലിണ്ടറിന് ഏകദേശം 200 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധികളെത്തുടർന്ന് ആഗോള വിപണിയിൽ അസ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന നടപടിയായാണ് ഈ വിലക്കുറവ് നടപ്പിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 192 രൂപ കുറഞ്ഞ് 2,738 രൂപയായി മാറി. കേരളത്തിലും ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്; തിരുവനന്തപുരത്ത് കൊമേർഷ്യൽ സിലിണ്ടർ വില 1,97.50 രൂപ കുറഞ്ഞ് 2,774 രൂപയായി കുറഞ്ഞു. കൊൽക്കത്ത, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലും സിലിണ്ടറിന് സമാനമായ രീതിയിൽ വില കുറഞ്ഞിട്ടുണ്ട്.
അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകൾ തന്നെയാകും വീടുകളിൽ തുടരുക. തുടർച്ചയായി ഉണ്ടാകുന്ന ഈ വിലക്കുറവ് ഹോട്ടലുകൾ, കാറ്ററിങ് സർവീസുകൾ, മറ്റ് ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നിരക്കുകൾ രാജ്യവ്യാപകമായി അടിയന്തര പ്രാബല്യത്തോടെ നിലവിൽ വന്നു.