ഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടയിൽ തനിക്കെതിരെയും അന്തരിച്ച അമ്മയ്ക്കുമെതിരെ ഉണ്ടായ അധിക്ഷേപങ്ങളിൽ വൈകാരികമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെയും തന്റെ മരിച്ചുപോയ അമ്മയെയും ചിലർ അധിക്ഷേപിച്ചുവെന്നും എന്നാൽ ആ കുട്ടികളോട് താൻ ക്ഷമിക്കുന്നുവെന്നും അദ്ദേഹം പുതിയ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും തെറ്റുപറ്റിയ കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ അവരെ തിരുത്തി മുന്നോട്ട് നയിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കുട്ടികൾക്ക് കുട്ടിക്കാലത്ത് തെറ്റുകൾ പറ്റാമെന്നും എന്നാൽ അവരെ കോടതി കയറ്റുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് കൊണ്ട് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു. സമുഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധവും അമർഷവും നിലനിൽക്കുന്നുണ്ടെങ്കിലും, വഴിതെറ്റിപ്പോയ ആ കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല്ലും നാക്കും തമ്മിൽ കടിച്ച് രക്തം വന്നാൽ നമ്മൾ പല്ലുകൾ ഉടയാറില്ലെന്നും, അതുപോലെ ഈ കുട്ടികളും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപമയിലൂടെ അദ്ദേഹം പറഞ്ഞു.
ഇത്തരം മോശം പ്രവണതകൾ ഒഴിവാക്കി രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രിക്കെതിരെയും അമ്മയ്ക്കുമതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക ചർച്ചകളും നിയമനടപടികളും പുരോഗമിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ സമാധാന സന്ദേശം പുറത്തുവന്നിരിക്കുന്നത്.