കോഴിക്കോട് ഫറോക്ക് കോട്ടപ്പാടത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിക്കും തടയാൻ ശ്രമിച്ച അമ്മയ്ക്കും നേരെ തെരുവ് നായയുടെ ക്രൂരമായ ആക്രമണം. സംഭവത്തിൽ അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു.
ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയും മുഖത്തും കണ്ണിലും ഗുരുതരമായി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ, മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നായയുടെ ആക്രമണത്തിന് ഇരയായത്. അമ്മയുടെ കാലിലാണ് കടിയേറ്റത്.
സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയാണ് നായയെ ഓടിച്ചുവിട്ടത്. ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്. നിലവിൽ അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ജനവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. വീടുകളുടെ പരിസരത്തുപോലും കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.