തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗൂഡം ജില്ലയിലെ ഭദ്രാചലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ദാരുണ മരണത്തെ തുടർന്ന് വൻ സംഘർഷം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മരിച്ച സിദ്മാ വെങ്കട്ടരമണയുടെ (36) ബന്ധുക്കളും നാട്ടുകാരും സ്വകാര്യ ആശുപത്രിയായ മിംസ് ആശുപത്രിയുടെ റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു.
പാലോഞ്ച മണ്ഡലത്തിലെ ദാന്തുലൂരു ഗ്രാമത്തിലെ സർപഞ്ചും സിപിഐ പ്രവർത്തകയുമായ സിദ്മാ വെങ്കട്ടരമണയെ പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ വെള്ളി രാത്രിയോടെ യുവതി മരണപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാപ്പിഴവും മരുന്നിന്റെ അളവ് കൂടിയതുമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ആരോപിച്ചു. രോഗിയുടെ നില വഷളായ ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായതെന്നും ഇവർ കുറ്റപ്പെടുത്തി.
മരണത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് മൃതദേഹം ഗവൺമെന്റ് ഏരിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശനിയാഴ്ചയും പ്രതിഷേധം ശക്തമാക്കുകയും ഗ്രാമവാസികൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണമോ പ്രതികരണമോ ഉണ്ടാകാത്തതിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിലേക്ക് ഇരച്ചുകയറി പെട്രോൾ ഒഴിച്ച് റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു.
സംഭവസ്ഥലത്ത് ഉടൻയെത്തിയ പോലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് തീയണയ്ക്കുകയും വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷാവസ്ഥയെ തുടർന്ന് ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും തമ്മിൽ പിന്നീട് ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നു വരികയാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.