സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയകളുടെ ഡിജിറ്റൽ ഇടപാടുകൾ തടയുന്നതിനും കുറ്റവാളികളെ അതിവേഗം പിടികൂടുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ അത്യാധുനിക സൈബർ സെന്റർ വരുന്നു. ലഹരിക്കടത്ത് കേസുകളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
നിലവിൽ ലഹരിവസ്തുക്കളുടെ കച്ചവടവും ഇടപാടുകളും സമൂഹമാധ്യമങ്ങൾ വഴിയും മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും വ്യാപകമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തരം കേസ് അന്വേഷണങ്ങൾക്ക് എക്സൈസ് വകുപ്പ് പൂർണ്ണമായും പൊലീസിന്റെ സൈബർ സെല്ലിനെയാണ് ആശ്രയിച്ചിരുന്നത്. കോൾ റെക്കോർഡുകളും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനുകളും നേരിട്ട് ശേഖരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലാത്തത് പലപ്പോഴും അന്വേഷണങ്ങൾക്ക് തടസ്സമായിരുന്നു. ഈ പരിമിതി പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് സംസ്ഥാനത്ത് ആദ്യമായി എക്സൈസ് വകുപ്പിന് സ്വന്തമായി സൈബർ വിങ് രൂപീകരിക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ ലഹരിക്കടത്തുകാരുടെ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ശേഖരിക്കാൻ സാധിക്കും. ഐടി മേഖലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരിക്കും ഈ സൈബർ സെന്റർ പ്രവർത്തിക്കുക. ഇവർക്ക് ലാപ്ടോപ്പ്, അത്യാധുനിക മൊബൈൽ ഫോണുകൾ എന്നിവയും പ്രത്യേക പരിശീലനവും നൽകും.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ ഉടൻതന്നെ പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. എക്സൈസ് വകുപ്പിന് കീഴിൽ ‘സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സൈബർ വിങ് യാഥാർത്ഥ്യമാകുന്നത്. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കേരളത്തിൽ ലഹരിമരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ ഊർജ്ജിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.