തൃശൂർ ജില്ലയിലെ വടക്കേക്കാട് സ്റ്റേഷനിൽ നിന്ന് വധശ്രമ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ട സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. സ്റ്റേഷനിലെ സിപിഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഫാൻ (30) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരു കൈകളിലും ബന്ധിപ്പിച്ചിരുന്ന കൈവിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ തക്കം നോക്കി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ടാഴ്ച മുൻപ് പുന്നയൂർക്കുളം ബാറിനു മുന്നിലുണ്ടായ അടിപിടിയിൽ വടക്കേക്കാട് മുരിയന്തടം സ്വദേശി വിഷ്ണു യാദവിന്റെ തലയിലും ചെവിയിലും വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഷിഫാൻ. നിരവധി അടിപിടി കേസുകളിലും കാപ്പ നിയമനടപടികളിലും ഉൾപ്പെട്ടിട്ടുള്ള ചരിത്രമുള്ളയാളാണ് ഒളിവിൽ കഴിയുന്ന ഈ പ്രതി.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പ്രസ്തുത പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രതിക്കായുള്ള വ്യാപകമായ തെരച്ചിൽ തുടരുകയാണ്. പ്രതിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വിവരം ഉടൻ തന്നെ ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ത്. ചെമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഹാനാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്.