Blog Post

Karanavars > News > Goverment >  നീറ്റ് സമരം; ഡൽഹിയിൽ 30 കമ്പനി അധിക സേന

 നീറ്റ് സമരം; ഡൽഹിയിൽ 30 കമ്പനി അധിക സേന

ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എതിരെ , സി.ജെ.പി നേതാവ് അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സമരങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. പ്രക്ഷോഭങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 30 കമ്പനി അധിക കേന്ദ്രസേനയെ അടിയന്തരമായി ഡൽഹിയിൽ വിന്യസിച്ചു.

സമരക്കാർ പാർലമെന്റിലേക്കും ജന്തർമന്ദറിലേക്കും നടത്തിയ മാർച്ചുകൾ സംഘർഷഭരിതമായി മാറിയതിനെത്തുടർന്നാണ് ഈ നടപടി. പശ്ചിമ ബംഗാളിൽ നിന്നും മറ്റും വിമാനമാർഗമാണ് സി.ആർ.പി.എഫ്, ആർ.എ.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ സേനയെ ഡൽഹിയിലെത്തിച്ചത്. നിലവിൽ ഡൽഹി പോലീസിന്റെയും കേന്ദ്ര സേനയുടെയും സംയുക്ത നിയന്ത്രണത്തിലാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഉള്ളത്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിച്ച പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിയായ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സമരക്കാരുടെ പ്രധാന ആവശ്യം. എന്നാൽ സമരത്തിന്റെ പേരിൽ പിന്നോട്ടില്ലെന്നും രാജി ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കിയിട്ടുണ്ട്. സമരം അടിച്ചമർത്താൻ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

പാർലമെന്റ് വർഷകാല സമ്മേളനം നടക്കുന്നതിനിടയിലും പ്രതിഷേധങ്ങൾ തുടരുന്നതിനാൽ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സമരം കൂടുതൽ ശക്തമാകുമെന്ന സൂചനയുള്ളതിനാൽ ഡൽഹിയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ പോലീസ്-സേനാ വിഭാഗങ്ങളെ വിന്യസിച്ച് വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *