തൃശ്ശൂർ പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും ശക്തമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. തെക്കേക്കുളം, ജണ്ടമുക്ക്, പള്ളിക്കുന്ന് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ഈ പ്രതിഭാസം ഉണ്ടായത്. വലിയ ശബ്ദത്തോടൊപ്പം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി.
പള്ളിക്കുന്ന് സ്വദേശിയായ മംഗമത്ത് ശശിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളലുകൾ രൂപപ്പെടുകയും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ പ്രദേശത്ത് നാലോളം വീടുകൾക്ക് പ്രകമ്പനത്തിൽ വിള്ളലുകൾ വീണതായി നാട്ടുകാർ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഡാം പരിസരത്തെ ജനങ്ങൾ കനത്ത ആശങ്കയിലാണ് കഴിയുന്നത്. ഭൂമിക്കടിയിലെ മുഴക്കത്തിനും പ്രകമ്പനത്തിനും പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ജിയോളജിക്കൽ വകുപ്പും ബന്ധപ്പെട്ട അധികാരികളും പരിശോധനകളും പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.