കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് പ്രശസ്ത സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബ്ലെസ്സിയുടെ പേര് സജീവ പരിഗണനയിൽ. അക്കാദമി നേതൃത്വത്തിലേക്ക് സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു വരുന്നതിനിടയിലാണ് ബ്ലെസ്സിയുടെ പേര് അന്തിമ ചർച്ചകളിൽ സജീവമായി ഇടംപിടിച്ചിരിക്കുന്നത്.
മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബ്ലെസ്സിയുടെ പേര് ഉയർന്നുവന്നത് സിനിമാ സാംസ്കാരിക രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’, ആടുജീവിതം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസയും ഒട്ടനവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. മികച്ച ചലച്ചിത്ര കൃതികളിലൂടെയും കലാമൂല്യമുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ബ്ലെസ്സിയുടെ അക്കാദമിയിലേക്കുള്ള കടന്നുവരവ് സിനിമാ സംഘടനകളും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃനിരയിലേക്ക് പ്രഗത്ഭനായ ഒരു സംവിധായകൻ എത്തുന്നതിലൂടെ അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ. ചലച്ചിത്ര അക്കാദമിയുടെ പുനഃസംഘടനയുടെ ഭാഗമായി ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.