മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പുതിയ നിയമനടപടികൾ. ഈ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കാതെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും, ഇതിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാർ പ്രവർത്തിച്ചുവെന്നുമാണ് പുറത്തുവരുന്ന പ്രധാന ആരോപണം.
പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ടിൽ ഈ കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചുവെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് SIT റിപ്പോർട്ടിലെ പരാമർശം. അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി തിരുത്താൻ നിർദ്ദേശം നൽകിയതായും ആരോപണമുണ്ട്. ഈ റിപ്പോർട്ടിൽ വ്യക്തത ലഭിച്ച സാഹചര്യത്തിലാണ് ഡിജിപി നേരിട്ട് വിശദീകരണം തേടാൻ തീരുമാനിച്ചത്.
അജിത് കുമാറിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ലഭിച്ച ശേഷം ഡിജിപി അന്തിമ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപിക്ക് എതിരെ നടപടികൾ സ്വീകരിക്കാനാണ് സാധ്യത. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന നടപടികൾ കേരള പോലീസ് സേനയിൽ ഏറെ നിർണ്ണായകമാണ്.
നേരത്തെ, സമാനമായ രീതിയിൽ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ നടന്ന മർദ്ദനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തെങ്കിലും അത് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നതായി കോടതിയും നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. നിലവിൽ ബെവ്കോ എം.ഡിയായി സേവനമനുഷ്ഠിക്കുന്ന അജിത് കുമാറിന് ഡിജിപി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഈ നടപടികൾ എന്നതും ശ്രദ്ധേയമാണ്.