കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ദാരുണമായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് തമിഴ്നാട് സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ 32 പേർക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തീരുമാനിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കരൂർ സന്ദർശിക്കുന്ന വിജയ്, നാളെ (ജൂലൈ 10) നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും.
കഴിഞ്ഞ വർഷം ടി.വി.കെ. സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെളിച്ചമിപുരത്ത് വെച്ചുണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ 41 പേരാണ് മരിച്ചത്. അന്ന് മുതൽ തന്നെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി വിജയ് കൂടെയുണ്ടായിരുന്നു. ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം സഹായധനം നൽകുകയും പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, കുടുംബങ്ങളുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ജോലി നൽകാനുള്ള ഈ സുപ്രധാന തീരുമാനം.
നാളെ കരൂരിലെത്തുന്ന മുഖ്യമന്ത്രി വിജയ്, ജില്ലാ കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ വെച്ചാകും നിയമന ഉത്തരവുകൾ വിതരണം ചെയ്യുക. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കരൂരിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഈ സന്ദർശന വേളയിൽ, മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പുറമെ, കരൂരിന്റെ വ്യവസായ വികസനത്തിനായുള്ള 1,700 കോടി രൂപയുടെ സ്വകാര്യ പാദരക്ഷാ നിർമ്മാണ യൂണിറ്റിന്റെ ശിലസ്ഥാപന കർമ്മവും മുഖ്യമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതരെ സഹായിക്കാനുള്ള സർക്കാരിന്റെ ഈ നടപടി ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.