സി.എം.ആർ.എൽ (CMRL) – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായ വീണ വിജയനെ രണ്ടാം തവണയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നേരത്തെ ജൂൺ 17-ന് വീണ വിജയനെ ഇ.ഡി ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായും, ആദ്യഘട്ട മൊഴികളിലെ വിവരങ്ങളും ഇ.ഡി ശേഖരിച്ച തെളിവുകളും വിശകലനം ചെയ്ത ശേഷവുമാണ് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചത്. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സി.എം.ആർ.എല്ലിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ 2.78 കോടി രൂപ ലഭിച്ചു എന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകിയതും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ വീണയുടെ കമ്പനിക്ക് സാധിച്ചിരുന്നില്ലെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിൽ, സി.എം.ആർ.എൽ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ ഒരു ഭാഗമാണ് വീണയുടെ കമ്പനിക്ക് ലഭിച്ച തുകയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണമിടപാടുകൾ വഴി ‘കുറ്റകൃത്യത്തിലൂടെയുള്ള വരുമാനം’ സൃഷ്ടിച്ചുവെന്ന് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വീണ വിജയന്റെ ബാങ്ക് ലോക്കറുകൾ നേരത്തെ ഇ.ഡി പരിശോധിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പേരുടെ മൊഴികളും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് ഇ.ഡിയുടെ തീരുമാനം.