Blog Post

Karanavars > News > latest news > റോഡ് സുരക്ഷ: സുപ്രധാന നീക്കവുമായി ഇന്ത്യ, വാഹനങ്ങൾ ഇനി പരസ്പരം വിവരങ്ങൾ കൈമാറും
റോഡ് സുരക്ഷ: സുപ്രധാന നീക്കവുമായി ഇന്ത്യ,

റോഡ് സുരക്ഷ: സുപ്രധാന നീക്കവുമായി ഇന്ത്യ, വാഹനങ്ങൾ ഇനി പരസ്പരം വിവരങ്ങൾ കൈമാറും

ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവാത്മകമായ സുരക്ഷാ സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വാഹനങ്ങൾ തമ്മിൽ തത്സമയം വിവരങ്ങൾ കൈമാറുന്ന ‘വെഹിക്കിൾ ടു വെഹിക്കിൾ’ (V2V) ആശയവിനിമയ സാങ്കേതികവിദ്യ 2026 അവസാനത്തോടെ ഇന്ത്യയിൽ നിർബന്ധമാക്കും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അത്യാധുനിക സെൻസറുകളും സിം കാർഡ് മാതൃകയിലുള്ള ഉപകരണങ്ങളും വഴിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് 360 ഡിഗ്രി പരിധിയിലുള്ള മറ്റ് വാഹനങ്ങളുമായി ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കും. മറ്റൊരു വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുകയോ, നിയന്ത്രണം വിട്ട് വരികയോ ചെയ്താൽ ഡ്രൈവർക്ക് തൽക്ഷണം ശബ്ദ രൂപത്തിലോ ദൃശ്യരൂപത്തിലോ ഉള്ള മുന്നറിയിപ്പ് ലഭിക്കും. മൂടൽമഞ്ഞ് മൂലമോ മറ്റ് തടസ്സങ്ങൾ മൂലമോ മുൻപിലുള്ള വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും.

ഏകദേശം 5,000 കോടി രൂപ മുതൽമുടക്കിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളിൽ ഈ സംവിധാനം നിർബന്ധമാക്കാനാണ് തീരുമാനം. തുടർന്ന് ഘട്ടം ഘട്ടമായി പഴയ വാഹനങ്ങളിലും ഈ സുരക്ഷാ ഉപകരണം ഘടിപ്പിക്കാൻ നടപടി സ്വീകരിക്കും. വാഹനങ്ങൾ തമ്മിൽ മാത്രമല്ല, റോഡിലെ സിഗ്നലുകൾ, ട്രാഫിക് ക്യാമറകൾ എന്നിവയുമായും ആശയവിനിമയം നടത്താൻ കഴിയുന്ന വിപുലമായ ‘വെഹിക്കിൾ ടു എവരിതിംഗ്’ (V2X) എന്ന രീതിയിലേക്കും ഇത് ഭാവിയിൽ മാറും.

Leave a comment

Your email address will not be published. Required fields are marked *