കാലിഫോർണിയ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ‘സ്ട്രേഞ്ചർ തിങ്സ്’ അഞ്ചാം സീസണിന്റെ ആവേശകരമായ ക്ലൈമാക്സ് എപ്പിസോഡ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. എന്നാൽ, ഒരേസമയം ദശലക്ഷക്കണക്കിന് ആളുകൾ പ്ലാറ്റ്ഫോമിലേക്ക് ലോഗിൻ ചെയ്തതോടെ നെറ്റ്ഫ്ലിക്സ് സെർവറുകൾ നിശ്ചലമായി. ഇന്ത്യയിൽ ഇന്ന് (ജനുവരി 1, 2026) രാവിലെ 6:30-ന് സീരീസ് സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെയാണ് പലയിടത്തും സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനോ വീഡിയോ പ്ലേ ചെയ്യാനോ സാധിക്കാത്ത വിധം ആപ്പ് പണിമുടക്കി. “സംതിങ് വെന്റ് റോങ്” (Something went wrong) എന്ന സന്ദേശമാണ് പലർക്കും സ്ക്രീനിൽ തെളിഞ്ഞത്. ‘അപ്സൈഡ് ഡൗൺ’ ലോകത്തെ വിചിത്രമായ പ്രതിഭാസങ്ങൾ പോലെ നെറ്റ്ഫ്ലിക്സും നിശ്ചലമായതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ മീമുകളും പ്രതിഷേധങ്ങളും നിറയുകയാണ്. തടസ്സം ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും, ഏറ്റവും നിർണ്ണായകമായ ക്ലൈമാക്സ് രംഗങ്ങൾ കാണാൻ കഴിയാത്തത് ആരാധകരെ വല്ലാതെ നിരാശരാക്കി.
രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള എപ്പിസോഡിലൂടെ ഹോക്കിൻസ് കുട്ടിക്കൂട്ടത്തിന്റെ പോരാട്ടം അവസാനിക്കുമ്പോൾ വലിയ ആവേശമാണ് സിനിമാ ലോകത്ത് ഉളവാകുന്നത്. സീസൺ 5 മൂന്ന് ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്. ഇതിൽ നവംബറിലും ഡിസംബറിലും വന്ന ആദ്യ ഭാഗങ്ങളുടെ സമയത്തും സമാനമായ രീതിയിൽ സെർവർ തകരാറുകൾ ഉണ്ടായിരുന്നു. നിലവിൽ തകരാറുകൾ പരിഹരിച്ചതായും ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സീരീസ് കാണാമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.