കാഞ്ഞങ്ങാട്: വിളിക്കാത്ത കല്യാണത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് പഴമക്കാർ പറയും. പുതിയകാലത്തും ഈ ചൊല്ല് മറ്റൊരു രൂപത്തിൽ പ്രസക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന കല്യാണം വിളികൾ സൂക്ഷിക്കണം. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയിൽ ക്ലിക്ക് ചെയ്‌താൽ പണി ക്ഷണിച്ചുവരുംതലാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഫയലുകളാണ് കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്. കൂടുതലും വാട്‌സ് ആപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണ ക്ഷണക്കത്തിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ് വെബ്സൈറ്റിലാകും ചെന്നെത്തുക.
ഇതിൽനിന്ന് ഏതെങ്കിലും ഫയൽ ഡൗൺലോഡ് ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താൽ ഏതെങ്കിലും മാൽവെയർ ആപ് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങൾ സൈബർ തട്ടിപ്പുകാരന് ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക് നമ്മുടെ ഫോണിൽ സേവ് ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും