Blog Post

Karanavars > News > Keralam > പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യും, പക്ഷെ തിടുക്കമില്ല: കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു

പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യും, പക്ഷെ തിടുക്കമില്ല: കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു

വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷെ തിടുക്കമില്ലെന്നും വ്യക്തമാക്കി കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.പി സി ജോര്‍ജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ട് എന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും, ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. ഇടക്കാല ഉത്തരവെന്ന ആവശ്യവും അംഗീകരിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയാണ് ഇനി ജോര്‍ജിന്റെ ഹരജി കോടതി പരിഗണിക്കുക.

75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസില്‍ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോര്‍ജ് വാദിച്ചു. വെണ്ണലയില്‍ താന്‍ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോര്‍ജ് കോടതിയെ അറിയിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാര്‍ നേതൃത്വം വലിയ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

Leave a comment

Your email address will not be published. Required fields are marked *