Blog Post

Karanavars > News > Keralam > സ്വിഫ്റ്റിന്റെ വരുമാനം കൂട്ടിയത് മാധ്യമങ്ങള്‍; പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം വാര്‍ത്തകളിലൂടെ ലഭിച്ചു- ആന്റണി രാജു

സ്വിഫ്റ്റിന്റെ വരുമാനം കൂട്ടിയത് മാധ്യമങ്ങള്‍; പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം വാര്‍ത്തകളിലൂടെ ലഭിച്ചു- ആന്റണി രാജു

തിരുവനന്തപുരം: ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചെന്ന് ആന്റണി രാജു.സ്വിഫ്റ്റിന്റെ വരുമാനം ഉയര്‍ന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണ്. വന്‍തുക നല്‍കി പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാര്‍ത്തകളിലൂടെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ചു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്ബോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ കളക്ഷനായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍. ഉദ്ഘാടന ദിവസം മുതല്‍ നിരവധി അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു.

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എസി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ മുടക്കി വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസുകളും നിരത്തുകളിലിറക്കും. കിഫ്ബിയുടെ സഹായത്തോടെ 310 സിഎന്‍ജി ബസുകളും 50 ഇലക്‌ട്രിക് ബസുകളും ഉടന്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. അതിനിടെ സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളുടെ പ്രതിഷേധവും നടന്നുവരികയാണ്.

Leave a comment

Your email address will not be published. Required fields are marked *