പാലക്കാട്: കുഴല്‍മന്ദത്തു യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു.
ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പായ ഐപിസി 304 ആണ് ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടി.
അപകടം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വമുണ്ടാക്കിയതെന്നാണ് യുവാക്കളുടെ കുടുംബം ആരോപിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് പാലക്കാടുനിന്ന് എറണാകുളത്തേക്കു വന്ന കെഎസ്‌ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരായ പാലക്കാട് കാവിശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍ഗോഡ് സ്വദേശി സാബിത്ത് എന്നിവര്‍ മരിച്ചത്.
യാത്രയ്ക്കിടെ വഴിയില്‍ വച്ചു ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ബസിന് ഇടത്തേക്കു ചേര്‍ന്നു പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂര്‍വം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്നു പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലെ ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച കെഎസ്‌ആര്‍ടിസി ഔസേപ്പിനെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.