ഗുരുവായൂര്‍: ചരിത്രത്തിലിടം പിടിച്ച് ഗുരുവായൂരിലെ ഒരു വാഹനപൂജ. ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ പൂജയാണ് ഏറെ വ്യത്യസ്തവും ചരിത്രത്തില്‍ ആദ്യത്തേതുമായത്.
100 കോടിയോളം രൂപ മുടക്കിയാണ് രവി പിള്ള എച്ച് -145 ഡി 3 എയര്‍ ബസ് വാങ്ങിയത്. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നാണിത്. വൈകിട്ട് മൂന്നുമണിയോടെ അരിയന്നൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടര്‍ ലാന്‍ഡുചെയ്തത്. തുടര്‍ന്ന് ഹെലികോപ്ടര്‍ ക്ഷേത്രത്തിന് അഭിമുഖമായി നിറുത്തിയശേഷം മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ചു. അതിനുശേഷം ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്ബൂതിരി പൂജ നിര്‍വഹിച്ചു. ആരതി ഉഴിഞ്ഞ് മാലചാര്‍ത്തി കളഭം തൊട്ടതോടെ വാഹനപൂജ പൂര്‍ത്തിയായി. രവി പിള്ളയ്‌ക്കൊപ്പം മകന്‍ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി.ജി.കുമാര്‍ തുടങ്ങിയവരും പൂജയില്‍ പങ്കെടുത്തു. ഹെലികോപ്ടര്‍ വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് രവിപിള്ള ആദ്യ യാത്ര നടത്തിയത്.
കൊല്ലത്തുനിന്നാണ് ഹെലികോപ്ടര്‍ ഗുരുവായൂര്‍ക്ക് പുറപ്പെട്ടത്. നടന്‍ മോഹന്‍ലാല്‍ കൊച്ചിവരെ ഉണ്ടായിരുന്നു. ക്ഷേത്രദര്‍ശനത്തിനുശേഷം രവിപിള്ളയും മകനും ഇന്നുരാവിലെ കൊച്ചിയിലേക്ക് തിരിച്ചു. അതുവരെ കനത്ത സുരക്ഷയില്‍ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിലാണ് കോപ്ടര്‍ സൂക്ഷിച്ചിരുന്നത്.