കൊച്ചി: പിതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കവെ വികാരഭരിതമായി ഹൈക്കോടതി.
കേസില്‍ ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്. ആരോപണം സത്യമാണെങ്കില്‍ ലജ്ജിതനാകുന്നുവെന്നും കേസ് പരിഗണിക്കവെ കോടതി പറഞ്ഞു. ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ‘പിതാവിനെതിരേയുളള ആരോപണം സത്യമാണെങ്കില്‍, ലജ്ജിതനാകുകയാണ്. സമൂഹം മുഴുവന്‍ നാണിച്ചു തലതാഴ്ത്തണം. കുറ്റവാളി പെണ്‍കുട്ടിയുടെ പിതാവാണ്. നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്‘ എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുളള വിധി പുറപ്പെടുവിച്ചത്.
കുട്ടിയിപ്പോള്‍ 31 ആഴ്ച ഗര്‍ഭിണിയാണ്. സാധാരണ നിലയില്‍ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ പശ്ചാത്തലത്തിലായിരുന്നു കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞ് ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 31 ആഴ്ച വളര്‍ച്ചയുള്ളതിനാല്‍ പ്രസവം വേണ്ടിവരുമെന്നും കുഞ്ഞ് രക്ഷപ്പെടാന്‍ 80% സാധ്യതയുണ്ടെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങനെ ജനിക്കുന്ന കുഞ്ഞിനെ സ്വീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് കുടുംബത്തിനുള്ളതെങ്കില്‍ സര്‍ക്കാര്‍ കുഞ്ഞിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത് സ്വന്തം പിതാവാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് പത്തുവയസ്സുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും മാനസികാവസ്ഥയിലുമാണ് കുട്ടിയുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കുട്ടി കടന്നുപോകുന്നതെന്നും അതിനാല്‍ ഗര്‍ഭഛിദ്രം അനിവാര്യമാണെന്നും കുട്ടിയുടെ അമ്മ ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി കുട്ടിയുടെ പിതാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.