Blog Post

Karanavars > News > Keralam > തിരുവല്ലം കസ്റ്റഡി മരണം; നടപടിക്രമങ്ങളില്‍ വീഴ്ച, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ലം കസ്റ്റഡി മരണം; നടപടിക്രമങ്ങളില്‍ വീഴ്ച, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെഷന്‍.

തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവര്‍ക്കാണ് സസ്‌പെഷന്‍. സി ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തിരുവല്ലം ജഡ്‌ജിക്കുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്ബതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ മര്‍ദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡി ജി പി ഉത്തരവിറക്കിയിരുന്നു.

സുരേഷിനൊപ്പെം അറസ്റ്റിലായ മറ്റ് നാല് പേരും ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇവരുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *