നടിയെ അക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി രണ്ടാം പ്രതി മാര്ട്ടിന് ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാല് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹരജികള്‍ തള്ളുകയായിരുന്നുവെന്നും മാര്ട്ടിന് ഹരജിയില്‍ പറഞ്ഞിരുന്നു. കേസില്‍ താനും ഇരയാണെന്നാണ് ഇയാളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് മാര്ട്ടിന്. ഇയാള്‍ തന്നെ ആയിരുന്നു കേസില്‍ ആദ്യമായി അറസ്റ്റിലായത്. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാര്ട്ടിന് ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. മാര്‍ട്ടിനാണ് നടിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ നിരപരാധിയായ തന്നെ കേസില്‍ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാര്ട്ടിന് ഹരജിയില്‍ പറയുന്നത്. വര്‍ഷങ്ങളായി ലാല്‍ ക്രിയേഷന്‍സിന്റെ വണ്ടി ഓടിച്ചിരുന്ന താന്‍ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്.
അങ്കമാലിയില്‍ വെച്ച് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന വണ്ടി ട്രാവലറിലിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സള്‍ സുനിയും സംഘവുമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് ദൂരം ചെന്നപ്പോള്‍ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവര്‍ ട്രാവലര്‍ തടഞ്ഞു. വണ്ടിയില്‍ ഉണ്ടായിരുന്ന നടിയും പള്‍സര്‍ സുനിയും തമ്മില്‍ തര്‍ക്കിച്ചു. നടിക്ക് നേരത്തേ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവര്‍ക്ക് വേണ്ടതെന്നും പള്‍സര്‍ സുനി പറഞ്ഞു. തന്നെ ഉപദ്രവിച്ച ശേഷം അവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇത്തരത്തില്‍ താനും നടിക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് ഇയാള്‍ ഹരജിയില്‍ സൂചിപ്പിച്ചിരുന്നത്.