കൊച്ചി: വധഗൂഢാലോചനക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലില്‍ നിന്നും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകളാണ് മുംബയിലെ ലാബില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
ഫോണ്‍ ഡേറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കിന്റെ മിറര്‍ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.
ആറ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതിയില്‍ നടന്ന നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപും കൂട്ടരും ഫോണ്‍ ഹാജരാക്കിയത്. ഈ സമയം പ്രതികള്‍ തങ്ങളുടെ മൊബൈലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ മൊബൈല്‍ ഫോണുകള്‍ അയച്ച് പരിശോധിച്ചതില്‍ നിന്നുമാണ് ഡേറ്റകള്‍ നശിപ്പിച്ച കാര്യം മനസിലായത്. തുടര്‍ന്ന് മുംബയിലെ ലാബിലേക്ക് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ആറ് ഫോണുകളും കൊച്ചിയില്‍ നിന്നും മുംബയിലേക്ക് അയച്ചത് അഭിഭാഷക സംഘമാണ്. അതിന്റെ കൊറിയര്‍ സ്ലിപ്പും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിന് ലാബിനെതിരെയും കേസെടുത്തേക്കും. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി സമീപിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ആദായ നികുതി മുന്‍ ഉദ്യോഗസ്ഥന് വിന്‍സന്റ് ചൊവ്വല്ലൂറാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നല്‍കിയത്. മുംബയിലെ ലാബ് ഡയറക്ടറെ ദിലീപിന് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലെ പ്രതിയാണ് ഇന്‍കം ടാക്സ് മുന്‍ അസി.കമ്മീഷണറായ വിന്‍സന്റ്. തന്റെയും ദിലീപിന്റെയും അഭിഭാഷകര്‍ ഒന്നാണെന്നും ദിലീപിനെ സഹായിച്ചത് അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്ന്നാണെന്നാണുമാണ് വിന്‍സന്റ് പറയുന്നത്.