വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയ്‌ക്കെതിരെ ഡബ്ല്യുസിസി .
സിനിമാ മേഖലയില്‍ നിന്ന് സംവിധായകനെ പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ വിലക്കണമെന്ന് ഡബ്ല്യുസിസി അറിയിച്ചു. ലിജു കൃഷ്ണയുടെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
2020ല്‍ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചതായി ലിജു കൃഷ്ണന്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്‘ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.
ഡബ്ല്യുസിസിയുടെ ഫേസ്ബുക് പോസ്റ്റ്:
കേരള സര്‍ക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നില്‍ക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സിനിമാ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അതിജീവിതയ്ക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
1) കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.
2) കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകന്‍ ലിജു കൃഷ്ണയെ വിലക്കണം.
മലയാളം സിനിമാ നിര്‍മ്മാണങ്ങളില്‍ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇന്‍ഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയവും ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.