തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സമ്മേളനത്തില്‍ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ‘ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. തെറ്റാണെന്ന് അറിഞ്ഞു തന്നെ നിരവധി കാലങ്ങളായി അതേകാര്യം തന്നെ ചെയ്യുന്നു‘. ഇനിയും തുടര്‍ന്നാല്‍ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വികസന രേഖയിലും ഇന്നും നാളെയും പൊതുചര്‍ച്ച നടക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഏഴര മണിക്കൂറും നവകേരള രേഖയില്‍ അഞ്ചര മണിക്കൂറുമാണ് ചര്‍ച്ച. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.
അതേസമയം സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയില്‍ പറയുന്നു. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരും. വിദ്യാഭ്യാസ, ആരോഗ്യമേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ച് വാര്‍ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കണം. വ്യവസായ മേഖലയില്‍ ഉണര്‍ന്ന് നല്‍കുന്ന പദ്ധതികള്‍ കൊണ്ട് വരണം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും. അതേസമയം പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപെടുന്നുണ്ട്. പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. എസ്‌എസ്‌എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഗൗരവമായി വിലയിരുത്തണം. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരം പുലര്‍ത്തുന്നോയെന്ന് പരിശോധിക്കണമെന്നാണ് മറ്റൊരാവശ്യം. ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പോരായമകള്‍ പരിശോധിക്കണമെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.