തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു.
അയിലം സ്വദേശി വിശാല്‍ (22) ആണ് മരിച്ചത്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.
ലോറിയിലിടച്ച ബൈക്ക് തീപിടിക്കുകയായിരുന്നു. ബൈക്കില്‍നിന്നും തീപടര്‍ന്ന ലോറി നടുറോഡില്‍ നിന്ന് കത്തുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീ അണച്ചെങ്കിലും വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും നശിച്ചിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാന്‍ കാരണമായത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍പ്പെട്ട രണ്ടുപേരും മരിയന്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.