കൊച്ചി: മീഡിയ വണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹരജി ഡിവിഷന്‍ ബെഞ്ചും തള്ളി.
രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവയ്ക്കുകയായിരുന്നു.
മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെ ചാനലിനുള്ള വിലക്കു തുടരും. ജനുവരി 31മുതലായിരുന്നു മീഡിയവണ്ണിനുള്ള പ്രവര്‍ത്തനാനുമതി വിലക്കിയത്.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്‍ ചാനലിനായി ഹാജരായത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായി ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്.
ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്.