കൊച്ചി: അന്തരിച്ച അഭിനയ വിസ്മയം കെപിഎസിലളിതയുടെ അന്ത്യവിശ്രമം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെയും അന്ത്യവിശ്രമം ഇവിടെയാണ്.
എറണാകുളത്ത് തൃപ്പൂണിത്തുറയില്‍, മകന്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ലാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.