Blog Post

Karanavars > News > Keralam > അമ്ബലമുക്ക് കൊലപാതകം: യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

അമ്ബലമുക്ക് കൊലപാതകം: യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂര്‍ക്കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇയാള്‍ താമസിച്ച മുറിയില്‍ നിന്ന് കത്തി കണ്ടെത്തിയത്.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മോഷണത്തിനിടെയാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ ഇയാള്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു മുന്‍പ് പ്രതി രാജേന്ദ്രന്‍ ജോലിചെയ്തിരുന്നത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു. ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് കത്തി കണ്ടെത്തിയത്. മുറിയിലെ വാട്ടര്‍ ലൈന്‍ പൈപ്പിന് അടിയിലാണ് കൊല നടത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്നത്.

കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടക്കുന്നതിനു മുന്‍പ് തന്റെ വസ്ത്രങ്ങള്‍ അടക്കം മുറിയില്‍ ഉപേക്ഷിച്ചിരുന്നുവെന്ന് പ്രതി രാജേന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു.

നേരത്തെ തിരുവനന്തപുരം നഗരത്തിലെ പല പ്രദേശങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും കേസിലെ നിര്‍ണായക തെളിവായ കത്തി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുട്ടടയില്‍ നടത്തിയ തെളിവെടുപ്പില്‍ പ്രതി കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തിയിരുന്നു.

മോഷണം നടത്താനായി സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനിടയിലാണ് ചെടികള്‍ വില്‍ക്കുന്ന അമ്ബലമുക്ക്കുറവന്‍കോണം റോഡിലെ കട രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മോഷണ ശ്രമത്തിനിടെ വിനീത ചെറുത്തു നിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു. വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാര്‍പ്പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം.

Leave a comment

Your email address will not be published. Required fields are marked *