Blog Post

Karanavars > News > Keralam > കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞാല്‍ പിടിവീഴും; ഓപ്പറേഷന്‍ സൈലന്‍സ് തുടങ്ങി

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞാല്‍ പിടിവീഴും; ഓപ്പറേഷന്‍ സൈലന്‍സ് തുടങ്ങി

തിരുവനന്തപുരം: വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷന്‍ സൈലന്‍സ് ആരംഭിച്ചു.

ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം 18 വരെ അഞ്ച് ദിവസം റോഡുകളില്‍ പ്രത്യേക പരിശോധന നടത്തും. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ക്കെതിരെയും നടപടി വരും.
ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ആള്‍ട്രേഷന്‍ നടത്തുന്നതിന് 5000 രൂപയാണ് പിഴ. കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ വാഹന ഉടമയുടെ/ഡ്രൈവര്‍ സ്വന്തം ചെലവില്‍ പരിഹരിക്കണം. പ്രധാനമായി യുവാക്കളാണ് വാഹനത്തില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന തരത്തില്‍ ആള്‍ട്രേഷന്‍ നടത്തുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍സ് റോഡുകളില്‍ നിയമാനുസൃതം യാത്രചെയ്യുന്നവര്‍ക്കും റോഡിനിരുവശങ്ങളിലായി നില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. പരിസരമലിനീകരണത്തോടൊപ്പം തന്നെ, നിരന്തരം ശല്യവും ആരോഗ്യത്തനു ഭീഷണിയുമായി ക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സൈലന്‍സറുകള്‍ മാറ്റുന്നതു മൂലമുണ്ടാകുന്ന ഇതില്‍ നിന്നുമുണ്ടാകുന്ന ശബ്ദ മലിനീകരണം ആരോഗ്യത്തിനു കനത്ത വാഹന ഭീഷണിയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവില്‍ പറയുന്നു. പരിശോധനയുടെ പിഴ കണക്കുകള്‍ 19 ന് തന്നെ സമര്‍പ്പിക്കണമെന്നും ആര്‍.ടി..മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

അനധികൃതമായി ടാക്സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പ് കഴിഞ്ഞ ആഴ്ച പരിശോധന ഡ്രൈവ് നടത്തിയിരുന്നു. ടാക്സി സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഹലോ ടാക്സി എന്ന പേരിലായിരുന്നു പരിശോധന. സംസ്ഥാനത്ത് എല്ലാ ജില്ലയിലും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകള്‍ കള്ളടാക്സികള്‍ സര്‍വീസ് നടത്തുന്നതായി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന. 14 ജില്ലകളിലായി 5 ദിവസത്തെ പരിശോധനയില്‍ 18 ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സൈലന്‍സ് ആരംഭിച്ചത്.

Leave a comment

Your email address will not be published. Required fields are marked *