കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.
ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന് അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇത് രണ്ടാം ജന്മമാണെന്നും പാമ്ബുപിടിത്തം തുടരുമെന്നും വാവ പറഞ്ഞു. ‘കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായി. പാമ്ബ് പിടിത്തം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പലരോടും പാമ്ബിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണംവരെ പാമ്ബ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ല‘- വാവ സുരേഷ് പറഞ്ഞു.
പാമ്ബിനെ പിടിച്ച് ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ നട്ടെല്ലില്‍ വേദന അനുഭവപ്പെട്ടു. പെട്ടെന്ന് തന്ന ശ്രദ്ധമാറി ഇതാണ് പാമ്ബ് കടിയേല്‍ക്കാന്‍ കാരണമായതെന്നാണ് വാവ സുരേഷ് പറയുന്നത്. വാഹനാപകടത്തിലെ പരുക്കാണ് ശ്രദ്ധ തെറ്റിച്ചത്. മരണത്തെ മുഖാമുഖം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.