കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ടിരുന്നു. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
ഹൈകോടതി വിധി പറയാനിരിക്കെ ദിലീപിന്‍റെ വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് സംഘമെത്തിയിരുന്നു. എന്നാല്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സംഘം മടങ്ങി.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.