തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കി.
സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേയ്‌ക്ക് മാറ്റാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയില്‍ ഉണ്ടാകുക.
മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസര്‍കോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തത്. മറ്റ് ജില്ലകള്‍ എല്ലാം ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കൊറോണ പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാകുകയുള്ള.
അതേസമയം, കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കും. പ്രാര്‍ത്ഥനയ്‌ക്കായി ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കി. ഞായറാഴ്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ കൊറോണ കണക്കുകള്‍ കൂടുതല്‍ കുറയുന്ന മുറയ്‌ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ട് വരുമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.
ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ വരെ അനുവദിച്ചേക്കും. ആരേയും റോഡില്‍ പൊങ്കാലയിടാന്‍ അനുവദിക്കില്ലെന്നും അവലോകന യോഗത്തില്‍ തീരുമാനമായി.