Blog Post

Karanavars > News > Keralam > ലോകായുക്ത നിയമ ഭേദഗതി: കോടിയേരി പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍

ലോകായുക്ത നിയമ ഭേദഗതി: കോടിയേരി പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

നിയമത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇത്തരമൊരു നീക്കം മന്ത്രിമാരെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ഒന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ഭരണഘടനാ വിദഗ്ധരായവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാപരമായാണ് കരുതപ്പെടുന്നത്. ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് സുപ്രിംകോടതിയും ഹൈക്കോടതിയും പരിഗണിച്ചതാണ്. ഭരണഘടനാ വിരുദ്ധമെന്ന് അവര്‍ പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

22 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിയമസഭ തള്ളിക്കളഞ്ഞ ഭേദഗതിയാണ് പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സ് വഴി സ്വീകരിച്ച്‌ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇത് മന്ത്രിമാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ നിയമമന്ത്രി ഉയര്‍ത്തുന്ന പ്രതിരോധം ദുര്‍ബലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019ല്‍ ചിന്തയില്‍ ലേഖനമെഴുതിയപ്പോള്‍ പല്ലും നഖവുമുള്ള കാവലായാണ് മുഖ്യമന്ത്രി ലോകായുക്തയെ വിലയിരുത്തിയതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 2021 ല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഇത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്യമായതിനാല്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും അഭിപ്രായങ്ങളില്‍ വൈരുദ്ധ്യമുണ്ടാകുമ്ബോള്‍ പ്രസിഡന്റിന്റെ പരിശോധനയ്ക്ക് വിടാവുന്നതാണൈന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *