Blog Post

Karanavars > News > Keralam > കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് കോടതി മുറിയില്‍ വെച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകനെ കെട്ടിപ്പിടിച്ച്‌ ആണ് ഫ്രാങ്കോ തന്റെ നന്ദി പ്രകടിപ്പിച്ചത്. ദൈവത്തിന് സ്തുതി എന്നും സത്യം തെളിഞ്ഞുവെന്നും ഫ്രാങ്കോ പ്രതികരിച്ചു.

വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ആഴ്ചകള്‍ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവില്‍ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്.

105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണയില്‍ 39 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരെയും വിസ്തരിച്ചിരുന്നില്ല. 4000 ത്തിലധികം പേജുള്ള കുറ്റപത്രമായിരുന്നു കേസില്‍ പോലീസ് സമര്‍പ്പിച്ചത്. ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ 2019 ഏപ്രില്‍ ഒമ്ബതിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്.

2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബലാത്സംഗക്കേസില്‍ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.

Leave a comment

Your email address will not be published. Required fields are marked *