കണ്ണൂര്‍: ഇടുക്കി പൈനാവ് ഗവ.എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ജില്ലയില്‍ വ്യാപക സംഘര്‍ഷം.
ഇന്നു പുലര്‍ച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചത്. തുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ അക്രമങ്ങള്‍ അരങ്ങേറിയത്.
വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂര്‍ റോഡരികിലെ കോണ്‍ഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും അടിച്ചു തകര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനു നേരെ ബോബേറ് ഉണ്ടായി. കോണ്‍ഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെല്‍ട്ടറും അക്രമികള്‍ തകര്‍ത്തു.
പിണറായി. പാപ്പിനിശേരി, ചക്കരക്കല്‍, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂര്, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ അക്രമം നടന്നത്. എടക്കാട് ബസ് ഷെല്‍ട്ടര്‍ ഇന്നലെ രാത്രി അഞ്ജാതസംഘം തകര്‍ത്തു.
തോട്ടടയിലും എളയാവൂരും കോണ്‍ഗ്രസ് കൊടിമരങ്ങള്‍ തകര്‍ത്തു. ചക്കരക്കല്‍ കണയന്നൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കല്‍. ചെട്ടിപീടിക, കുഞ്ഞിമംഗലം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. താണയിലും ചെട്ടിപീടികയിലും വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ തകര്‍ത്തു.
തോട്ടട എസ് എന്‍ കോളജിനു മുന്നിലെ ഷുഹൈബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പടെ തകര്‍ത്തു. കെഎസയു സ്തൂപവും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ക്കുന്നതു ചിത്രികരിച്ച ഓണ്‍ലൈന്‍ ചാനലിന്റെ മൊബൈല്‍ ഫോണും മൈക്കും വിലാപയാത്രയില്‍ പങ്കെടുത്തവര്‍ തട്ടിയെടുത്തു.
നടാലിലെ കോണ്‍ഗ്രസ് ഓഫീസ് ലോറിയിലെത്തിയ ഒരു സംഘം ആളുകള്‍ തകര്‍ത്തു. നടാല്‍ വായനശാലയിലെ നവ രശ്മി ക്ലബ്ബ് അടിച്ചു തകര്‍ത്തു.ചിറക്കുനിയിലെ കോണ്‍ഗ്രസ് ധര്‍മടം മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയും അക്രമമുണ്ടായി. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.
അതേസമയം, അക്രമ സാധ്യത കണക്കിലെടുത്തു ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ കോണ്‍ഗ്രസ് ഭവന്റെ മുന്നില്‍ ഇന്നലെ രാവിലെ തന്നെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ഡിസിസിയില്‍ സുധാകരന് പങ്കെടുക്കുന്ന പരിപാടിയില്‍ അക്രമം സാധ്യതയുണ്ടാകുമെന്നതു കണക്കിലെടുത്താണ് ഇന്നലെ രാവിലെ മുതല്‍ പോലീസ് സുരക്ഷ ശക്തമാക്കിയത്. ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.