Blog Post

Karanavars > News > Keralam > രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

സര്‍വകലാശാല ഡീലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും മുരളീധരന്‍ ആരോപിച്ചു.

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. ഡീലിറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സ‌ര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സര്‍വകലാശാലയ്ക്ക് മാത്രമാണ് ഓണററി ഡീലിറ്റ് നല്‍കാനുള്ള അധികാരം. അതിനകത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഇടപെടലുമുണ്ടാകാന്‍ പാടില്ല. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ തള്ളിക്കളയാനുള്ള തീരുമാനം സര്‍ക്കാര്‍ ഏത് തരത്തില്‍ എടുത്തു എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വൈസ് ചാന്‍സലര്‍ പറഞ്ഞത് സര്‍ക്കാരിന്റെ അനുവാദമില്ലെന്നാണ്. ഇതില്‍ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ് ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ചെന്നിത്തല ചോദിക്കുകയും ചെയ്തു.

1.ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡീലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന ഗവര്‍ണര്‍ ചാന്‍സലര്‍ എന്നുള്ള നിലയില്‍ കേരള സര്‍വകലാശാല വിസിയ്ക്ക് നല്‍കിയിരുന്നോ? ശുപാര്‍ശ എന്ന് നല്‍കി?

2. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശത്തെ സംസ്ഥാന സ‌ര്‍ക്കാര്‍ ഇടപെട്ട് വൈസ് ചാന്‍സലറെ കൊണ്ട് നിരാകരിപ്പിച്ചിട്ടുണ്ടോ?

3.രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ ശുപാര്‍ശ സാധാരണ ഗതിയില്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയില്‍ വയ്ക്കേണ്ടതാണ്. ഇതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ കേരള വിസിയ്ക്ക് എന്ത് അധികാരമാണുള്ളത്? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സര്‍ക്കാരിന്റ അനുവാദം തേടിയത്?

4. ഇത്തരത്തിലുള്ള ഓണററി ഡീലിറ്റ് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സ‌ര്‍ക്കാരിന് എന്ത് നിയമപരമായ അധികാരമാണുള്ളത്?

സംസ്ഥാന സ‌ര്‍ക്കാരിന് ഈ കാര്യത്തില്‍ യാതൊരു അധികാരവുമില്ല. ഈ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കേണ്ടത് സിന്‍ഡിക്കേറ്റും സെനറ്റില്‍ വച്ചുമാണ്. അവസാനം ചാന്‍സലര്‍ അസന്‍ഡ് കൊടുത്താല്‍ മാത്രമേ ഓണററി ഡീലിറ്റ് നല്‍കാന്‍ കഴിയുകയുള്ളൂ.

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി വിസി മൂന്ന് പേര്‍ക്ക് ഡീലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നോ? ആ മൂന്ന് പേരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുമോ?

6.ഈ പട്ടികയ്ക്ക് ഗവര്‍ണര്‍ അഡന്‍ഡ് നല്‍കാതെ ആ ഫയല്‍ മാറ്റിവയ്ച്ചു എന്ന കാര്യം യൂണിവേഴ്സിറ്റിയ്ക്ക് ബോധ്യമുണ്ടോ?

ഗവര്‍ണറുമായി എന്തു കാര്യങ്ങളിലാണ് തര്‍ക്കമുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധരന്റെ പ്രതികരണം.

Leave a comment

Your email address will not be published. Required fields are marked *