Blog Post

Karanavars > News > Keralam > ‘അവള്‍ക്ക് ഞാനുണ്ട് എല്ലാമായി, വിവാഹം കഴിഞ്ഞേ തിരിച്ചുപോകൂ’- പ്രതിശ്രുത വരന്‍……

‘അവള്‍ക്ക് ഞാനുണ്ട് എല്ലാമായി, വിവാഹം കഴിഞ്ഞേ തിരിച്ചുപോകൂ’- പ്രതിശ്രുത വരന്‍……

തൃശ്ശൂര്‍: ”പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ”. വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ നിധിന്റെ വാക്കുകളാണിത്. രണ്ടരവര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമാണ്. ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.

തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ പറഞ്ഞു. ജൂവലറിയില്‍ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടടെയും അമ്മ ബേബിയുടെയും വിളിയെത്തി. ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിന്‍ മടങ്ങി വന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂര്‍ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് കിട്ടിയത്.

ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”- നിധിന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *