മുസ്ലിം പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ആരാധനാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വര്‍ഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാന്‍ ഇത് ഇടവരുത്തുമെന്നും ജലീല്‍ പറഞ്ഞു.
സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ് ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. ലീഗിന്‍റെ കീഴില്‍ ഒരു പള്ളിയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുസ് ലിം ലീഗിന്‍റെ പുതിയ നീക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കെ.ടി ജലീല്‍ വിമര്‍ശനം ഉയര്‍ത്തി. രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാകുമ്ബോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതെന്ന് ‘ലീഗിനിത് എന്തുപറ്റി‘ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ ജലീല്‍ കുറ്റപ്പെടുത്തി.