തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വ്യാജ രേഖ ചമച്ച് പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിന്‍സെന്റ് ആരോപിച്ചു.
നികുതി അടച്ച രസീത് കൈവശമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും അവരുടെ ആശങ്കക്ക് എന്താണ് പരിഹാരമെന്നും എം. വിന്‍സെന്റ് ചോദിച്ചു. നഷ്ടപ്പെട്ട തികുതി തുക തിരികെ ലഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എം. വിന്‍സെന്റ് വിമര്‍ശനം ഉയര്‍ത്തി. മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണെന്ന് ചൂണ്ടിക്കാട്ടി. നികുതി വെട്ടിപ്പ് സംബന്ധിച്ച കോണ്‍ഗ്രസിന്റെ സമരം ആത്മാര്‍ഥമാണെന്നും എം. വിന്‍സെന്റ് പറഞ്ഞു.
നികുതി വെട്ടിപ്പ് നടത്തിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണന് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്യ്തിട്ടുണ്ട്.
നികുതിദായകര്‍ക്ക് ആശങ്ക വേണ്ടെന്നും രസീത് ഉണ്ടെങ്കില്‍ അടച്ച പണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷനില്‍ ബി.ജെ.പി നടത്തുന്ന സമരം അധികാരം കിട്ടാത്തതിന്റെ പ്രതികാരമാണെന്നും കെ. രാധാകൃഷ്ണന് ആരോപിച്ചു.