Blog Post

Karanavars > News > Keralam > വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ ചുമത്തി

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ ചുമത്തി

കൊല്ലം : വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതെന്ന് കുറ്റപത്രം. ആത്മഹത്യ പ്രേരണയടക്കം ഒമ്ബത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്കുറ്റമറ്റ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് കൊല്ലം റൂറല്‍ എസ്പി കെ.ബി. രവി അറിയിച്ചു.

വിസ്മയയുടെ മരണം ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 102 സാക്ഷികളാണ് കേസില്‍ ഉള്ളത്. 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച്‌ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാണ്. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം നല്‍കുന്നത്. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ്. വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

വിസ്മയയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.

Leave a comment

Your email address will not be published. Required fields are marked *