തിരുവനന്തപുരം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന് ഉപയോഗിച്ചത്. ഇതിന് പരാതി ഒതുക്കി തീര്‍ക്കണമെന്ന് അര്‍ഥമില്ലെന്നും മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ നിയമോപദേശത്തില്‍ പറയുന്നു.
ഇംഗ്ലീഷ്–മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. യുവതിയുടെ പേരോ യുവതിക്കെതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല.
മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പൊലീസിന് രണ്ടിടങ്ങളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിയമോപദേശം തേടിയത്. ഇതിന് ലഭിച്ച മറുപടിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 23നാണ് ഈ നിയമോപദേശം കിട്ടിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ ഫോണ്‍ കോളില്‍ വിവാദമുണ്ടായത്. എന്‍.സി.പി നേതാവിനെതിരായ യുവതിയുടെ പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് ഇടപെട്ടു. യുവതിയുടെ പിതാവിനെ മന്ത്രി ഫോണില്‍ വിളിച്ച് നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലൂടെ മന്ത്രി ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.