ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന് ആശ്വാസം. തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.
കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനായത്. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രധാനവാദം. ആത്മഹത്യയാണെന്ന് പോലും തെളിയിക്കാന്‍ കഴിയാത്ത കേസില്‍ തനിക്കെതിരെ എങ്ങനെ കുറ്റം ചുമത്തുമെന്നും തരൂര്‍ ചോദിച്ചിരുന്നു. സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു തരൂരിന്‍റെ പ്രധാനവാദം.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.