Friday, 17th May 2024
May 17, 2024

ഫ്രിഡ്ജില്‍ നിന്നും സവാളയില്‍ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

  • May 31, 2021 6:17 pm

  • 0

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രോഗത്തെക്കുറിച്ച്‌ തെറ്റായ നിരവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. കോവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നു എന്ന വാര്‍ത്ത തന്നെ വലിയ ഭീതി സൃഷ്ടിക്കുന്നതാണ്.

മ്യൂക്കോര്‍മൈക്കോസിസ് രോഗബാധിതരുടെ എണ്ണം കൂടുന്നത് വ്യാജവാര്‍ത്തകളുടെ പ്രചരണത്തിന് പിന്‍ബലമാകുന്നുണ്ട്. അത്തരത്തില്‍ വലിയ പ്രചാരം ലഭിക്കുന്ന ഒരു വ്യാജവാര്‍ത്തയാണ് വീട്ടില്‍ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ പലതും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ഇടയാക്കുന്നു എന്നുള്ളത്വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പച്ചക്കറികളില്‍ ബ്ലാക്ക് ഫംഗസ് ഉണ്ടാകുമെന്നും അത് രോഗബാധയ്ക്ക് കാരണമാകുമെന്നുമുള്ള പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. ഹിന്ദി ഭാഷയില്‍ എഴുതപ്പെട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ, പ്രത്യേകിച്ച്‌ ഉള്ളിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അവയില്‍ ബ്ലാക്ക് ഫംഗസ് വളരാമെന്നും അവകാശപ്പെടുന്നത്. “ചന്തയില്‍ നിന്ന് ഉള്ളി വാങ്ങുമ്ബോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോഴും ശ്രദ്ധിയ്ക്കുക. ഉള്ളിയുടെ പുറംതൊലിയില്‍ പലപ്പോഴും കാണപ്പെടുന്ന കറുത്ത പാടുകള്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന രോഗത്തിന് ഇടയാക്കുന്ന വിനാശകാരിയായ ബ്ലാക്ക് ഫംഗസ് ആണ്എന്നാണ് ആ പോസ്റ്റില്‍ പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷണം പാകം ചെയ്യുമ്ബോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോഴുമൊക്കെ ഉള്ളിയില്‍ നിന്ന് ബ്ലാക്ക് ഫംഗസ് പകരുമെന്ന മുന്നറിയിപ്പും പോസ്റ്റ് നല്‍കുന്നുണ്ട്. ഒരുപാട് പേരാണ് ഇത് ശരിയാണെന്ന് തെറ്റിദ്ധരിച്ച്‌ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

തികച്ചും വാസ്തവവിരുദ്ധമാണ് ഈ അവകാശവാദം. പഴങ്ങളോ പച്ചക്കറികളോ പോലുള്ള വസ്തുക്കളിലൂടെയല്ല ബ്ലാക്ക് ഫംഗസ് പകരുക എന്നതാണ് വസ്തുത. ഫ്രിഡ്ജിനുള്ളില്‍ രൂപപ്പെടുന്ന ഫംഗസുകള്‍ക്കോ ഉള്ളിത്തോലിന്റെ പുറത്ത് കാണുന്ന കറുത്ത പാടുകള്‍ക്കോ ബ്ലാക്ക് ഫംഗസ് അണുബാധയുമായി യാതൊരു ബന്ധവുമില്ല. പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ പൂപ്പല്‍ വളരുന്നത് ബാക്ടീരിയയുടെയോ യീസ്റ്റിന്റെയോ പ്രവര്‍ത്തനഫലമായാണ്. അവ ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകുന്ന അപകടകാരികള്‍ ആയേക്കാമെങ്കിലും ബ്ലാക്ക് ഫംഗസുമായി അതിന് ബന്ധമൊന്നുമില്ല. ഉള്ളിത്തോലിന്റെ പുറത്ത് കാണപ്പെടുന്ന കറുത്ത ഫംഗല്‍ പാടുകള്‍ മണ്ണില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരുതരം ഫംഗസിന്റേതാണ്. ഈ ഫംഗസുകള്‍ വളരെ അപൂര്‍വമായി മാത്രമേ അണുബാധയ്ക്ക് കരണമാകൂ. എന്തായാലും പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് മുമ്ബ് വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്.

ബ്ലാക്ക് ഫംഗസ് അണുബാധ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പകരുന്നത്. മാത്രമല്ല അവയ്ക്ക് വ്യക്തമായ രോഗലക്ഷണങ്ങളും ഉണ്ടാകും. ബ്ലാക്ക് ഫംഗസ് രോഗബാധിതരില്‍ 50% പേര്‍ക്ക് മരണം സംഭവിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ചുറ്റും കാണപ്പെടുന്ന മൈകോര്‍മീറ്റ്സ്എന്ന തരം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ തൊടുന്ന വസ്തുക്കളിലൂടെയോ അല്ല ഈ ഫംഗസ് ശരീരത്തിലേക്ക് കടക്കുക. മറിച്ച്‌, വൃത്തിയില്ലാത്ത പ്രതലങ്ങളില്‍ നിന്ന് ഈ പൂപ്പലുകള്‍ ശ്വാസോഛ്വാസത്തിന്റെ ഭാഗമായി വലിച്ചെടുക്കുന്നതിലൂടെയാണ്.