Blog Post

Karanavars > News > latest news > നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല

നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക് ഉണ്ടെങ്കില്‍ അത് കര്‍ഷക നിയമം പിന്‍വലിച്ച ശേഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പോരാട്ടം കൂടുതല്‍ ശക്തമാകുകയാണ്. കൊവിഡ് മാഹാമരിക്കെതിരായ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചിട്ടഉണ്ടെങ്കിലും ഇതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതില്‍ നിന്ന് പിന്തിരിയില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ജനുവരി 26ലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാജ്യചരിത്രത്തിലെ വലിയ സമരങ്ങളിലൊന്നായി ട്രാക്ടര്‍ പരേഡ് മാറും. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണം. കാര്‍ഷിക നിയമങ്ങള്‍ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാല്‍ വാക്സിന്‍ കൊണ്ട് എന്തു ചെയ്യുമെന്ന് കര്‍ഷകനായ ബല്‍പ്രീത് സിങ് ചോദിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസിനു മുകളിലുള്ളവരാണ്. ഇവര്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങില്ലെന്നത് കേന്ദ്രത്തിന് വലിയ വെല്ലുവിളിയാകും.

കൊവിഡ് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെന്ന് പല ഡോക്ടര്‍മാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ഇത് ബാധിച്ചിരുന്നുവെന്നും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനായ ചംകൗര്‍ സിങ് പറഞ്ഞു. കൈകള്‍ ശുചിയാക്കാനോ മാസ്‌ക് ധരിക്കാനോ മാര്‍ഗമില്ലാത്ത തെരുവില്‍ താമസിക്കുന്ന പാവങ്ങള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യും. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രം മാത്രമാണ് ലോക്ക്ഡൗണ്‍.

കൊവിഡ് മരണനിരക്ക് സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കുന്നില്ല. ആദ്യ ദിവസം മുതല്‍ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും കൊവിഡ് ബാധിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഈ പോരാട്ടം തുടരുമെന്നും ഇപ്പോള്‍ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *