തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപിന്റെ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്താണ് വാഹനമിടിച്ച് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് തേടുന്നുണ്ട്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപണമുന്നയിച്ചുണ്ട്.